ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നിർണായക മത്സരത്തിനിറങ്ങും. ഇന്ന് സ്വന്തം മൈതാനത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ബ്ലാസ്റ്റേഴ്സിന് എതിരാളികള്‍. ഇന്ന് ജയിക്കാനായില്ലെങ്കില്‍ പരിശീലകൻ റെനെ മ്യൂലൻസ്റ്റീൻറെ മേലുള്ള സമ്മർദ്ദം ഇനിയും കൂടും. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ മുന്നേറണമെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള കളികള്‍ നിര്‍ണായകമാണ്. അതുകൊണ്ടു തന്നെ ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് വെള്ളിയാഴ്ച ഇറങ്ങുന്നത്.ബ്ലാസ്‌റ്റേഴ്‌സ് മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരിക്കും എഫ്‌സി ഗോവയ്‌ക്കെതിരായ കഴിഞ്ഞ കളി. സീസണിലെ ആദ്യ ജയം നേടി സീസണിലെ തന്നെ ആദ്യത്തെ എവേ മല്‍സരത്തിനിറങ്ങിയ മഞ്ഞപ്പട നാണംകെട്ടാണ് തിരിച്ച് വണ്ടി കയറിയത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഗോവയുടെ സംഹാരതാണ്ഡവത്തിനു മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് തകര്‍ന്നടിഞ്ഞു. രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് എതിരാളികള്‍ മഞ്ഞപ്പടയെ പിച്ചിച്ചീന്തിയത്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ഹാട്രിക് നേടിയ ഫെറാന്‍ കൊറോമിനോസും രണ്ടു ഗോള്‍ നേടിയ മാന്വല്‍ ലാന്‍സറോറ്റെയും ചേര്‍ന്ന് മഞ്ഞപ്പടയെ കശാപ്പ് ചെയ്യുകയായിരുന്നു.